ഇളവുകള്‍ പിന്‍വലിച്ച്‌ ബാങ്കുകള്‍; ഇന്ന് മുതല്‍ വിവിധ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്

sbi

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണം പിന്‍വലിക്കുന്നതിനുള്ള പരിഷ്‌കരിച്ച ചട്ടങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

എടിഎം സേവനം, ബ്രാഞ്ചിലെത്തിയുള്ള പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക് ഉപയോഗം എന്നീ സേവനങ്ങള്‍ക്കുള്ള ഫീസാണ് പുതുക്കിയിട്ടുള്ളത്. ഓരോ മാസത്തിലും നാല് ഇടപാടുകള്‍ വീതം സൗജന്യമായി ലഭിക്കും. തുടര്‍ന്നുള്ള സേവനങ്ങള്‍ക്കാണ് അക്കൗണ്ട് ഉടമകളില്‍ നിന്ന് ഫീസ് ഈടാക്കുന്നത്.

ഓരോ ഇടപാടിനും 15 രൂപയ്ക്ക് പുറമേ ജിഎസ്ടിയും അടക്കമാണ് ഫീസ് ഈടാക്കുന്നത്. ചെക്ക്ബുക്ക് ഉപയോഗിച്ച് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഒരു ലക്ഷം രൂപയാക്കിയിട്ടുണ്ട്. പാസ്ബുക്കിനൊപ്പം പിന്‍വലിക്കാനുള്ള ഫോം കൂടി ഉപയോഗിച്ച് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 25000 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്.

സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ചെക്കുകള്‍ മാത്രമേ സൗജന്യമായി അനുവദിക്കൂ. അധികമായി ആവശ്യമുള്ള ചെക്കുകള്‍ക്കും പണം അടയ്ക്കണം.

Top