തിരുവനന്തപുരം: എസ്ബിടി അടക്കം എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശം. എസ്ബിടിയിലെ 1000 ജീവനക്കാരെ തീരുമാനം ബാധിക്കും.
അതേസമയം, ലയനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നു യൂണിയനുകള്‍ ആരോപിച്ചു.
പുതുതായി താല്‍ക്കാലിക ജീവനക്കാരെ എടുക്കാന്‍ പാടില്ലെന്ന നിര്‍ദേശവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലെ ജീവനക്കാരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക.
എസ്ബിടി അടക്കം ആറു ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ ലയിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബാങ്കുമാണ് ലയിപ്പിക്കുക.