ശ്വാസം മുട്ടിച്ച് കൊല്ലുന്നതിലും നല്ലത് ഒറ്റടിക്ക് സ്‌ഫോടനത്തില്‍ കൊല്ലുന്നതാണ്; സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനങ്ങളെ ബുദ്ധമുട്ടിലാക്കിയ ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്ത്. മനുഷ്യരെ ഇങ്ങനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിലും നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. മാത്രമല്ല ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിതം നരക തുല്യമാണെന്നും കോടതി കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കെവെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക്ക് ഗുപ്ത എന്നിവര്‍ അടങ്ങുന്ന ബഞ്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

അതേസമയം മലിനീകരണത്തിന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതെന്തെന്ന് ചോദിച്ച് കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു. ഗ്യാസ് ചേംബറിന് സമാനമായ അവസ്ഥയില്‍ ആളുകള്‍ ജീവിക്കുന്നതിലും നല്ലത് അവരെ ഒറ്റയടിക്ക് സ്‌ഫോടനത്തില്‍ കൊല്ലുന്നതാണ് എന്നും വിമര്‍ശനം ഉന്നയിച്ചു.

സര്‍ക്കാരുകള്‍ കാര്യങ്ങളെ കൂടുതല്‍ ഗൗരവമായി കാണണമെന്നും പരസ്പരം പഴിചാരാനും രാഷ്ട്രീയം കളിക്കാനുമായി മലനീകരണം വിഷയമാക്കരുതെന്നും കോടതി പറഞ്ഞു. ഭിന്നതകള്‍ മാറ്റിവച്ച് നഗരത്തില്‍ വായു ശുദ്ധീകരണ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്ന കാര്യത്തില്‍ ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കാത്തതെന്തെന്നും കോടതി ചോദിച്ചു.

Top