മോദിയെ അറസ്റ്റ് ചെയ്യുമെന്ന് വീമ്പിളക്കിയ മമത ഇപ്പോൾ അറസ്റ്റിന്റെ നിഴലിൽ ?

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭാവി ഇനി സി.ബി.ഐയുടെ കൈകളില്‍.

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ വലംകൈ ആയി അറിയപ്പെടുന്ന മുന്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ പറന്ന് നടക്കുകയാണിപ്പോള്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍.

സുപ്രീംകോടതിയാണ് കേസില്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സി.ആര്‍.പി.എഫ് ജവാന്‍മാരുടെ സഹായത്തോടെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

ബംഗാളിനെ പിടിച്ചുലച്ച ശാരദചിട്ടി തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക രേഖകള്‍ കമ്മീഷണറായിരുന്ന രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. ഇത് മമത ബാനര്‍ജിയുടെ അറിവോടെയാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. രാജീവ് കുമാറിനെ മുന്‍പ് പലവട്ടം ചോദ്യം ചെയ്‌തെങ്കിലും ഒരു സഹകരണവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക എന്ന നിലപാടിലേക്ക് സി.ബി.ഐ മാറിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യാനും മടിക്കില്ലന്ന് വീമ്പിളക്കിയ മമതയെ പ്രതിരോധത്തിലാക്കുന്നതാണ് ഈ നീക്കം. രാജീവ് കുമാര്‍ എവിടെയാണ് എന്ന് ഇതുവരെ വ്യക്തമല്ലങ്കിലും ഐ.ബിയുടെ സഹായത്തോടെ സി.ബി.ഐ അരിച്ചുപെറുക്കി അന്വേഷണം നടത്തുകയാണ്.

രാജീവ് കുമാറില്‍ നിന്നും മമതക്കെതിരായ ഒരു ചെറിയ വിവരം കിട്ടിയാല്‍ പോലും കുരുക്കാനാണ് സി.ബി.ഐക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.ലോകസഭ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ കൈവിട്ട കളിക്ക് കേന്ദ്ര സര്‍ക്കാറും ഇപ്പോള്‍ പോവുകയാണ്.

രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ഇനിയും കൊല്‍ക്കത്ത പൊലീസ് ശ്രമിച്ചാല്‍ ആ ക്ഷണം തന്നെ ബംഗാള്‍ സര്‍ക്കാറിനെ പിരിച്ച് വിടാന്‍ കേന്ദ്രത്തിന് കഴിയും.

നിലവില്‍ ബംഗാളില്‍ നടക്കുന്ന ആക്രമണങ്ങള്‍ തന്നെ പിരിച്ചു വിടലിന് മതിയായ കാരണങ്ങളാണ്.

ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരും വരെ രാജീവ് കുമാര്‍ പിടികൊടുക്കരുതെന്ന നിലപാടാണ് തൃണമുല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ളത്.

ഫലം വന്നാല്‍ മോദി സര്‍ക്കാര്‍ വീഴുമെന്നും അപ്പോള്‍ ഒന്നും ഭയക്കേണ്ടതില്ലന്നതുമാണ് കണക്ക് കൂട്ടല്‍. അതേ സമയം വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വന്നാല്‍ അത് മമത ഭരണകൂടത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് ബി.ജെ.പിക്ക് അല്ലാതെ ആര്‍ക്ക് വേണമെങ്കിലും പിന്തുണ കൊടുക്കാം എന്ന നിലപാടിലാണ് ഇപ്പോള്‍ മമത ബാനര്‍ജി.

ഒരാഴ്ചത്തേക്ക് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ അതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് സിബിഐ കടക്കുക. എന്നാല്‍ കസ്റ്റഡിയിലെടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും മറ്റ് തടസ്സങ്ങളില്ല.

ശാരദ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ എത്തിയതിനെ തുടര്‍ന്ന് ബംഗാളില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ വൈരാഗ്യപൂര്‍വം പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യാഗ്രഹം ഇരിക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കോടതി സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നും വിശ്വസ്തതയോടെ അന്വേഷണവുമായി സഹകരിക്കണമെന്നും രാജീവ് കുമാറിനോട് ഉത്തരവിട്ടു. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണവിധേയരായ ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചില നിര്‍ണായക ഫയലുകള്‍ കാണാതായിരുന്നു. ഇക്കാര്യമുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ രാജീവ് കുമാറില്‍ നിന്ന് അറിയാനാണ് സി.ബി.ഐ ശ്രമിക്കുന്നത്.കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതായും സി.ബി.ഐ ഇന്ന് കോടതിയില്‍ വാദിച്ചിരുന്നു.

Top