ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. പരീക്ഷ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള 2013ലെ സ്വന്തം ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ വിധി.
നീറ്റ് പരീക്ഷയുടെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ പുതിയ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ അന്തിമ വിധി വരുന്നത് വരെ നീറ്റ് പരീക്ഷ നടത്താമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഏകീകൃത പ്രവേശന പരീക്ഷ എന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയത്.
ദേശീയ തലത്തില്‍ മെഡിക്കല്‍, ഡെന്റല്‍ പി.ജി കോഴ്‌സുകള്‍ക്ക് 2012 നവംബറിലും ബിരുദ കോഴ്‌സുകള്‍ക്ക് 2013 മേയിലുമാണ് നീറ്റ് പരീക്ഷ നടത്തിയത്.
ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് നീറ്റ് പരീക്ഷയ്ക്കായി മെഡിക്കല്‍ കൗണ്‍സില്‍ വിജ്ഞാപനം ഇറക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
ഇതിനെതിരെ സ്വകാര്യ-ന്യൂനപക്ഷ മെഡിക്കല്‍ കോളേജുകളും ചില സംസ്ഥാന സര്‍ക്കാരുകളുമാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് അല്‍ത്താമസ് കബീര്‍ അദ്ധ്യക്ഷനായ ബെഞ്ച്, മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ പ്രകാരം പൊതു പ്രവേശന പരീക്ഷ നടത്താന്‍ കഴിയില്ലെന്ന് വിധിച്ചു.
പരീക്ഷ നടത്തിപ്പല്ല, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും മേഖലയുടെയും നിലവാരം നിരീക്ഷിക്കലാണ് കൗണ്‍സിലിന്റെ ചുമതലയെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.