ന്യൂഡല്‍ഹി: എസ്‌സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതി വിധിക്കെതിരായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുകയെന്ന് ജസ്റ്റീസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ഇതിനിടെ ഉത്തരവിനെതിരേ ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദില്‍ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികളും പോലീസുമായി നടത്തിയ ഏറ്റമുട്ടലില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ ചെറുക്കുന്നതിനുള്ള നിയമം ദുരുപയോഗം ചെയ്യുന്നെന്നാണ് സുപ്രീംകോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും അറസ്റ്റിനു മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്നും രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.