അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് : ദയാനിധി മാരന്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ചെന്നൈ: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ. നേതാവുമായ ദയാനിധി മാരന്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. ടെലികോം മന്ത്രിയായിരിക്കെ ദയാനിധിമാരന്‍ ബി.എസ്.എന്‍.എല്‍. അതിവേഗഡേറ്റാ കേബിളുകള്‍ ഉപയോഗപ്പെടുത്തി ചെന്നൈയിലെ സ്വന്തം വീട്ടില്‍ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് ഉണ്ടാക്കുകയും ഇത് സണ്‍ ടി.വി.ചാനലിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്തെന്നാണ് കേസ്. ഇതുവഴി സര്‍ക്കാരിന് 1.78 കോടി രൂപയുടെ നഷ്ടമുണ്ടായതായും കണ്ടെത്തിയിരുന്നു.

ഇതേ കേസില്‍ ദയാനിധി മാരനെയും സഹോദരനെയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേ സി.ബി.ഐ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് 12 ആഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും അതെല്ലാം വിചാരണവേളയില്‍ തെളിയേണ്ടതാണെന്നും സുപ്രീം കോടതി വിലയിരുത്തി.

2004 മുതല്‍ 2006 വരെ ഇത്തരത്തില്‍ അനധികൃതമായി കേബിളുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ സി.ബി.ഐ. കണ്ടെത്തിയിരുന്നത്. സണ്‍ ടി.വി. ചീഫ് ടെക്നിക്കല്‍ അസിസ്റ്റന്റ് വി. ഗൗതമന്‍, ദയാനിധിമാരന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എസ്. രവി, സണ്‍ ടി.വി. ഇലക്ട്രീഷ്യന്‍ കെ.ബി. ബ്രഹ്മാനന്ദ, ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ എന്‍.പി. വേലുച്ചാമി എന്നിവരാണ് മാരന്‍ സഹോദരങ്ങള്‍ക്കൊപ്പം കുറ്റവിമുക്തരാക്കപ്പെട്ട മറ്റു പ്രതികള്‍.

364 ലാന്‍ഡ് ലൈനുകള്‍ക്ക് പുറമേ 10 പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളെടുക്കുകയും ഒന്‍പതെണ്ണം സണ്‍ ടി.വി.ക്ക് നല്‍കുകയും ചെയ്തിരുന്നു. ഔദ്യോഗികമായി എടുത്ത മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് ഒട്ടേറെ കോളുകള്‍ ചെയ്തിരുന്നെങ്കിലും ബില്‍ തുക അടച്ചിരുന്നില്ല.

Top