കൊവിഡ് പരിശോധന; സ്വകാര്യലാബുകള്‍ നിര്‍ധനര്‍ക്ക് സൗജന്യമായി നടത്തണം

ന്യൂഡല്‍ഹി: അംഗീകൃത സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധന നിര്‍ധനര്‍ക്ക് മാത്രം സൗജന്യമായി നടത്തണമെന്ന് സുപ്രീംകോടതി. സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഏപ്രില്‍ 8ലെ ഉത്തരവ് പരിഷ്‌കരിച്ചാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്നു സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ചെലവുകള്‍ താങ്ങാന്‍ സാധിക്കുന്നവര്‍ക്കു പരിശോധന സൗജന്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നു സുപ്രീം കോടതി വിശദീകരിച്ചു.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ദേശീയ പ്രതിസന്ധിയുടെ ഘട്ടത്തില്‍ സേവനം ലഭ്യമാക്കി രോഗവ്യാപനം തടയുന്നതില്‍ സ്വകാര്യ ലാബുകളും ആശുപത്രികളും പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് ഉത്തരവിട്ടത്. സ്വകാര്യ ലാബുകള്‍ പരിശോധനയ്ക്ക് 4,500 രൂപവരെ ഈടാക്കുന്നുവെന്നും ഇതു താങ്ങാന്‍ ഭൂരിപക്ഷം ജനത്തിനും സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ശശാങ്ക് ദേവ് സുധി എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

Top