ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ കേരള യാത്ര സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം.
സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ടിഎയും ഡിഎയും നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ശമ്പളമുള്ളപ്പോള്‍ അധിക തുക എന്തിനെന്നും കോടതി ചോദിച്ചു.
വിധി അട്ടിമറിക്കാനുള്ള ശ്രമമാണോ കര്‍ണാടക സര്‍ക്കാരിന്റേതെന്നും കോടതി ആരാഞ്ഞു. മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശം
വിചാരണ തടവുകാരന് സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. ഉദ്യോഗസ്ഥര്‍ക്ക് ടിഎയും ഡിഎയും മാത്രമെ നല്‍കാനാവൂ. സുരക്ഷയുടെ പേരില്‍ മഅ്ദനിയുടെ കൈയ്യില്‍ നിന്നും പണം ഈടാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കേരള യാത്രയുടെ അലവന്‍സ് എത്രയാണെന്ന് നാളെ തന്നെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
സുരക്ഷയുടെ പേരില്‍ ഭീമമായ തുക ഈടാക്കാനുള്ള പോലീസ് നീക്കം അംഗീകരിക്കില്ലെന്നാണ് മഅദനിയുടെ നിലപാട്.
അതേസമയം കഴിഞ്ഞ ദിവസം മഅ്ദനിയുടെ കേരളത്തിലെ സുരക്ഷാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. സുരക്ഷാ ചെലവ് മഅ്ദനിയുടെ കുടുംബത്തിന് താങ്ങാനാകില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നത്.
മഅ്ദനിയുടെ സുരക്ഷ വീഴ്ചകൂടാതെ ഒരുക്കുമെന്നും ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. സുരക്ഷാ ചെലവുകളുടെ കാര്യത്തില്‍ കര്‍ണാട സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേരളം നിലപാട് കൈക്കൊണ്ടിരിക്കുന്നത്