ഡൽഹി: അലഹാബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി മൂന്നു മാസത്തിനകം പൊളിച്ചുമാറ്റാൻ സുപ്രീം കോടതി ഉത്തരവ്. പള്ളി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി.
2017ലാണ് പള്ളി പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. പൊതുതാത്പര്യ ഹർജി പരിഗണിച്ചായിരുന്നു നടപടി. ഇതു ചോദ്യം ചെയ്ത് വഖവ് മസ്ജിദ് ഹൈക്കോർട്ട്, യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് എന്നിവയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പാട്ട ഭൂമിയിലെ നിർമിതിക്ക് പാട്ടക്കാലാവധിക്കു ശേഷം അവകാശം ഉന്നയിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. അതേസമയം പള്ളി മാറ്റിസ്ഥാപിക്കുന്നതിനു സ്ഥലത്തിനു വേണ്ടി മസ്ജിദ് കമ്മിറ്റിക്കു സർക്കാരിനെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.
1950കൾ മുതൽ നിലനിൽക്കുന്ന പള്ളിയാണിതെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. 2017ൽ സർക്കാർ മാറിയതോടെയാണ് എല്ലാം മാറിയത്. പുതിയ സർക്കാർ വന്ന് പത്തു ദിവസത്തിനകം പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെടുന്നു. ആ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പകരം സ്ഥലം അനുവദിച്ചാൽ പള്ളി മാറ്റി സ്ഥാപിക്കാമെന്നും സിബൽ പറഞ്ഞു.
താമസ സൗകര്യത്തിനായാണ് കെട്ടിടം ഉപയോഗിക്കുന്നതെന്നും ഇതിനെ പള്ളി എന്നു പറയാനാവില്ലെന്നുമാണ് ഹൈക്കോടതിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചത്.