ഇഡി ഡയറക്ടര്‍ എസ്‌കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി സുപ്രീം കോടതി

ദില്ലി: ഇഡി ഡയറക്ടര്‍ സ്ഥാനത്ത് എസ്‌കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് കാലാവധി ഒരിക്കല്‍ കൂടി നീട്ടുന്നതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇനി വീണ്ടും കാലാവധി നീട്ടില്ലെന്നും വ്യക്തമാക്കി. അതിനായി ഒരു അപേക്ഷയും സ്വീകരിക്കില്ലെന്നും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സുപ്രീം കോടതി പറഞ്ഞു. എഫ് എ ടി എഫ് റിവ്യൂ കണക്കിലെടുത്താണ് ഇപ്പോള്‍ സുപ്രീം കോടതി തീരുമാനം. സെപ്തംബര്‍ 15 ന് എസ് കെ മിശ്ര സ്ഥാനമൊഴിയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 11നാണ് എസ്‌കെ മിശ്രയെ ഇഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സുപ്രീം കോടതി വിധിച്ചത്. ജൂലൈ 31 വരെയായിരുന്നു അദ്ദേഹത്തിന് സുപ്രീം കോടതി വിധി പ്രകാരം സ്ഥാനത്ത് തുടരാനാവുക. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് അന്തര്‍ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ്‌കെ മിശ്ര സ്ഥാനത്ത് തുടരേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് രണ്ടാഴ്ച കൂടി എസ്‌കെ മിശ്രയെന്ന സഞ്ജയ് കുമാര്‍ മിശ്രയെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചത്.

സഞ്ജയ് കുമാര്‍ മിശ്രയെന്ന എസ്‌കെ മിശ്ര 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ഇതിനെതിരെ പരാതികള്‍ കോടതിയിലെത്തിയപ്പോള്‍ സുപ്രീം കോടതി നിര്‍ദ്ദേശം മറികടന്ന്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്ത് കാലാവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടി. ഇതിന്റെ ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു. എന്നാല്‍ സുപ്രീം കോടതിയില്‍ കേസെത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനം കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നു. കൂടാതെ എസ്‌കെ മിശ്രയ്ക്ക് പുറത്തേക്ക് വഴിയും തെളിഞ്ഞു. എന്നാല്‍ അവസാനവട്ട ശ്രമമെന്നോണമാണ് കേന്ദ്രസര്‍ക്കാര്‍ എസ്‌കെ മിശ്രയ്ക്ക് വേണ്ടി വീണ്ടും കോടതിയിലെത്തിയത്.

Top