SC issues notice to Centre on plea that wants Vande Mataram made mandatory in schools, colleges

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി.

പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. വിധിയില്‍ നാല് ആഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ അടുത്ത വാദം ആഗസ്റ്റ് 23ന് നടക്കും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയടക്കമുള്ള വലതുപക്ഷ സംഘടനകളും ഉത്തരാഖണ്ഡിലെ പുതിയ ബി.ജെ.പി സര്‍ക്കാറും സര്‍വ്വകലാശാലകളിലും കോളേജുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതും ദേശീയ ഗാനം പാടുന്നതും നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.

വന്ദേമാതരം ദേശീയഗാനമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ഹരജി ചര്‍ച്ച ചെയ്യുന്നത് ഫെബ്രുവരി 17ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

അശ്വിനി ഉപാധ്യായ് എന്ന അഭിഭാഷകന്‍ സമര്‍പിച്ച ഹരജി ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗണ്ടര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് കേന്ദ്രം സ്‌കൂളുകളില്‍ വന്ദേമാതരം കൊണ്ടുവരുന്നത്.

Top