ന്യൂഡല്‍ഹി: കുഷ്ഠ രോഗികളുടെ വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. രോഗികള്‍ക്ക് സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായിട്ടാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. കുഷ്ഠ രോഗത്തില്‍ ബുദ്ധിമുട്ടുന്ന രോഗികളുടെ പുനരധിവാസം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതു-സ്വകാര്യ ആശുപത്രികളിലെ എല്ലാ ഉദ്യോഗസ്ഥരും കുഷ്ഠ രോഗികള്‍ വിവേചനം നേരിടുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. ഈ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുള്ള പദ്ധതികള്‍ തുടങ്ങണം. അതുവഴി രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനും വിവാഹ ജീവിതം നയിക്കാനും സാധിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കുഷ്ഠരോഗികളുടെ കുടുംബത്തില്‍ നിന്നും വരുന്ന കുട്ടികള്‍ സ്‌കൂളുകളില്‍ വിവേചനം നേരിടുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ജൂലൈ 5-ാം തീയതി കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗം ഇല്ലായ്മ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം ആവശ്യപ്പെട്ട് അഡ്വ.പങ്കജ് സിന്‍ഹയാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. രോഗനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ കരട് രൂപം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുഷ്ഠരോഗം ഏറ്റവുമധികം കാണപ്പെടുന്നത്. ഇവിടങ്ങളില്‍ ഏറ്റവും നേരത്തെ പദ്ധതി ആവശ്യമാണ്. രോഗികളെ കണ്ടെത്തുന്നതിനായി ഓണ്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.
1.25 ലക്ഷം പേരാണ് രാജ്യത്ത് ഓരോ വര്‍ഷവും കുഷ്ഠ ബാധിതരാകുന്നത്. 1981 മുതല്‍ ഇതിന് മരുന്ന് ലഭ്യമാണ്. എന്നാല്‍, ഇതുവരെ രോഗം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ഹര്‍ജി കുറ്റപ്പെടുത്തുന്നു.