ഷഹീൻ ബാ​ഗ്; സിപിഎമ്മിന് എന്തു കാര്യം?; വിമർശനവുമായി സുപ്രീം കോടതി

ഡൽഹി: ഡൽഹിയിലെ ഷഹീൻ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തിൽ സിപിഎം എന്തിനാണ് ഹർജി നൽകുന്നതെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ഷഹീൻ ബാഗിലെ താമസക്കാർ ഹർജിയുമായി സമീപിക്കട്ടെയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയിൽ എത്തിയതിന് സിപിഎമ്മിനെ ബെഞ്ച് വിമർശിച്ചു. രാഷ്ട്രീയ പാർട്ടിക്കു വേണ്ടി ഇടപെടാനാവില്ല. ഇതല്ല ഉചിതമായ വേദി. ഹർജി പിൻവലിക്കാത്ത പക്ഷം തള്ളുമെന്ന് കോടതി അറിയിച്ചു. തുടർന്ന് സിപിഎം ഹർജി പിൻവലിച്ചു. ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കയ്യേറ്റമുണ്ടെങ്കിൽ ഒഴിപ്പിക്കുക തന്നെ വേണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അതിൽ അധികൃതർ നിയമം ലംഘിച്ചാൽ ഹൈക്കോടതിയെ സമീപിക്കാം- കോടതി പറഞ്ഞു.

ജഹാംഗിർപുരിയിലെ ഒഴിപ്പിക്കൽ തടഞ്ഞ ഉത്തരവ്, സിപിഎമ്മിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി സുരേന്ദ്ര നാഥ് ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയുടെ പ്രതികരണം ഇങ്ങനെ: ”അനധികൃതമാണെങ്കിൽ പോലും തന്റെ വീട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ലൈസൻസ് അല്ല ആ ഉത്തരവ്. ആ ഉത്തരവിന്റെ മറവിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാവില്ല. ഇതിൽ ഇടപെടുന്നില്ല, അതും ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി”

രാഷ്ട്രീയ നേട്ടത്തിനായാണ് സിപിഎം ഹർജി നൽകിയതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയെ സമീപിച്ചത് ഇതിനാണെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

Top