ഗുജറാത്ത് തിരഞ്ഞെടുപ്പ് ; വിവിപാറ്റ് എണ്ണണമെന്ന കോണ്‍ഗ്രസ്സ് ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ഹര്‍ജി അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി.

വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ ഇടപെടാനാകില്ല, മാനദണ്ഡങ്ങള്‍ മാറ്റണമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

25 ശതമാനം വിവിപാറ്റുകള്‍ എങ്കിലും എണ്ണണമെന്നായിരുന്നു ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആവശ്യം. ജിപിസിസി അധ്യക്ഷന്‍ മുഹമ്മദ് ആരിഫാണ് ഹര്‍ജി നല്‍കിയത്.

ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ആയിരത്തിലേറെ ഇവിഎമ്മുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു.

ഒരിടത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്കുള്ള ബട്ടണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ആദ്യഘട്ടത്തില്‍ ഇവിഎമ്മുകളുമായി ഫോണിലെ ബ്ലൂടൂത്ത് ബന്ധിപ്പിക്കല്‍ സാധ്യമാണെന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് കമ്മീഷന് തെളിവ് സഹിതം പരാതി നല്‍കിയിരുന്നു.

ഡിസംബര്‍ 18 നാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലെ വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തിലെ വോട്ടെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിച്ചിരുന്നു.

താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് വ്യക്തമാക്കുന്ന സംവിധാനമാണ് വിവിപാറ്റ് (വോട്ടേഴ്‌സ് വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍).

Top