പണക്കാര്‍ക്കും സാധാരണക്കാര്‍ക്കും വ്യത്യസ്ത നിയമ സംവിധാനം സാധ്യമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് പണക്കാര്‍ക്കും സാധാരണക്കാര്‍ക്കും വ്യത്യസ്ത നിയമ സംവിധാനം സാധ്യമല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സമാന്തരമായ നിയമ സംവിധാനങ്ങള്‍ ഉണ്ടാകുന്നത് നിയമവ്യവസ്ഥ ഇല്ലാതാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമ സംവിധാനങ്ങളോട് ഉള്ള വിശ്വാസ്യത നിലനിര്‍ത്തണം എങ്കില്‍ കീഴ്ക്കോടതികളുടെയും ഉയര്‍ന്ന നിയമസംവിധാനങ്ങളുടെയും സര്‍ക്കാരുകളുടെയും സാമ്രാജ്യത്ത മനസ്ഥിതി മാറണമെന്നും കോടതി ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതക കേസിലെ പ്രതി ഗോപാല്‍ സിംഗിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, ഋൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ഗോപാല്‍ സിംഗ് ബിഎസ് പി എംഎല്‍യുടെ ഭര്‍ത്താവാണ്. സിംഗിനെ സംരക്ഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കി.

ബാഹ്യ ഇടപടലുകളില്‍ നിന്ന് കീഴ്ക്കോടതികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഭയാനകമായ സാഹചര്യങ്ങളില്‍ ആണ് പലപ്പോഴും കീഴ്ക്കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതകക്കേസില്‍ വാദം കേട്ട വിചാരണ കോടതി ജഡ്ജി തനിക്ക് ഭീഷണി ഉണ്ടെന്ന് ആരോപിച്ചിരുന്നു. ഇത് പോലും കണക്കിലെടുക്കാതെയാണ് മധ്യപ്രദേശ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത് എന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

ഗോവിന്ദ് സിംഗിനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഭീഷണി സംബന്ധിച്ചുള്ള വിചാരണക്കോടതി ജഡ്ജിയുടെ പരാതി പരിശോധിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

 

Top