ലക്‌നൗ: ലഖിംപൂര്‍ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അന്വേഷണ വിവരം തേടി സുപ്രിംകോടതി. എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തോയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.
എത്ര പേര്‍ക്കെതിരെ കേസെടുത്തു, ആരെല്ലാം അറസ്റ്റിലായി തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതിയുടെ നടപടി.
അതിനിടെ ലഖിംപൂര്‍ ഖേരി ആക്രമണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു. ലഖിംപൂരില്‍ കര്‍ഷകരുടെ കൂട്ടക്കൊലയ്‌ക്കെതിരെ രാജ്യ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷന്‍. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്കാണ് മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയത്. ഇതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.