ആരെ വനത്തിലെ മരംമുറിക്കല്‍ ; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുംബൈ: ആരെ വനത്തിലെ മരംമുറിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിനായി പ്രത്യേക ബഞ്ച് രൂപീകരിച്ചു.

രാവിലെ പത്ത് മണിക്കാണ് പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുക. നിയമവിദ്യാര്‍ത്ഥി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മെട്രോ കോച്ച് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെയുള്ള പൊതുതാത്പര്യഹര്‍ജി കഴിഞ്ഞ ദിവസം ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു.

കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വ്യാപകമായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ മാത്രം 200ഓളം മരങ്ങള്‍ മുറിച്ചു. കാര്‍ പാര്‍ക്കിംഗിനായി ഏകദേശം 2000ത്തോളം മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശത്തെ മരങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തര്‍ ആരോപിച്ചു.

ഈ വിഷയത്തില്‍ ഒക്ടോബര്‍ 10നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുന്നത്. അതിന് മുമ്പായി മരങ്ങള്‍ മുറിച്ചുമാറ്റാനാണ് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്റെ തീരുമാനമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Top