ഡൽഹി: ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി നാളെ തുറന്ന കോടതിയിൽ വാദംകേൾക്കും. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇഡിക്ക് പരമാധികാരം നൽകുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബെഞ്ചിൻ്റെ ഭാഗമാകുന്നത്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിൽ ഇഡിക്ക് വിശാല അധികാരങ്ങൾ നല്കിയത് സുപ്രീം കോടതി ശരിവച്ചിരുന്നു. നിയമത്തിൻ്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടൽ, ജാമ്യത്തിനായുള്ള കർശനവ്യവസ്ഥകൾ തുടങ്ങിയവ കോടതി ശരിവെച്ചു. ഇഡി പൊലീസ് അല്ലെന്നും ഇസിഐആർ രഹസ്യരേഖയായി കാണക്കാമെന്നും വിധിയിൽ പറയുന്നു. അതേസമയം ധനകാര്യബില്ലിലൂടെ നിയമ ഭേദഗതി നടപ്പാക്കിയതിലെ തീർപ്പ് എഴംഗ ബെഞ്ചിന് വിട്ടു
ഇഡിയെ കേന്ദ്രസർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിശാല അധികാരങ്ങൾ നൽകുന്ന നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ചിൻറെ പ്രധാന തീരുമാനങ്ങൾ ഇങ്ങനെയായിരുന്നു.