തിരുവനന്തപുരം: മത്സ്യബന്ധന കരാര്‍ അഴിമതി ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കമ്പനി ഉടമകള്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു കൊണ്ടാണ് രമേശ് ചെന്നിത്തല ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്, എന്നാല്‍ മന്ത്രി അറിയില്ലെന്നും പറയുന്നു. കള്ളി വെളിച്ചത്ത് ആയപ്പോള്‍ രക്ഷപെടാന്‍ മന്ത്രി ഉരുണ്ട് കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. അമേരിക്കയില്‍ ചര്‍ച്ച നടത്തിയതിന്റെ ഫോട്ടോഗ്രാഫും വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി ഇ.പി. ജയരാജന് കമ്പനി നല്‍കിയ കത്തിലും മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം പറയുന്നുണ്ട്. മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേരളത്തിലേക്ക് എത്തിയതെന്നാണ് കമ്പനി അധികൃതര്‍ കത്ത് നല്‍കിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.