തിരുവനന്തപുരം: 13 ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടെന്നു വച്ചതിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എസ്.സി.ഇ.ആര്‍.ടി ഡയറക്ടറുടെ പേരു മാറിയെന്ന കാരണത്താലാണ് പുസ്തകങ്ങള്‍ ഉപേക്ഷിച്ചത്. ഒരു കോടിയിലേറെ രൂപയുടെ ഭീമമായ നഷ്ടമാണ് ഇത് വഴി ഉണ്ടായിരിക്കുന്നത്.
ഡയറക്ടറുടെ പേരില്ല എന്ന കാരണത്താല്‍ പൊതുമുതല്‍ ധൂര്‍ത്തടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് തികഞ്ഞ ധൂര്‍ത്തും അധികാര പ്രമത്തതയുമാണ് ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.
നിസാര കാരണം പറഞ്ഞാണ് കഴിഞ്ഞ തവണ കരുതല്‍ ശേഖരമായി അച്ചടിച്ചു വച്ചിരുന്ന 13 ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടെന്ന് വച്ചത്. ഈ വര്‍ഷം മൂന്ന് വാല്യങ്ങളായാണ് പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതെങ്കിലും കഴിഞ്ഞ വര്‍ഷം മിച്ചം കിടന്നിരുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് തടസ്സമില്ലായിരുന്നു.
രണ്ടു വാല്യങ്ങളായി തന്നെയാണ് 40 ശതമാനം പാഠപുസ്തകങ്ങളും വിതരണം ചെയ്യുന്നതും. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടാണ് രമേശ് ചെന്നിത്തല വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുള്ളത്.