ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ഏകീകൃത അളവുകള്‍ നടപ്പിലാക്കാന്‍ പദ്ധതി; സര്‍വേ നടപടിയുമായി ഫാഷന്‍ ടെക്‌നോളജി

INDIAN DRESS

ന്യൂഡല്‍ഹി: ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാണ രംഗത്ത് ഏകീകൃത അളവുകള്‍ നടപ്പിലാക്കാന്‍ തീരുമാനം. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ നടപ്പിലാക്കിയതു പോലെ ഇന്ത്യയിലും പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. ഇതിനായുള്ള സര്‍വേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി(എന്‍ഐഎഫ്ടി) അധികൃതര്‍ അറിയിച്ചു.

സര്‍വേ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂഷന്‍ വ്യക്തമാക്കി. ഏകീകൃത അളവുകള്‍ ഇല്ലാത്തതിനാല്‍ ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങള്‍ വ്യത്യസ്ത അളവുകളിലാണ് എത്തുന്നത്. ഏകീകൃത അളവ് മാതൃക രാജ്യത്ത് നടപ്പിലാക്കിയാല്‍ മറ്റുള്ളവരും ഇന്ത്യന്‍ അളവുകള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന് ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ രാജേഷ് ഷാ അറിയിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പുരുഷന്മാരും, സ്ത്രീകളും ഉള്‍പ്പെടെ 2500 പേരിലാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 15 മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവരില്‍ ത്രീഡി സ്‌കാന്‍ വഴിയാണ് പഠനം നടത്തുക. പദ്ധതിക്ക് ഏകദേശം 30 കോടി രൂപ ചിലവ് വരുമെന്നാണ് സൂചന.

യുഎസ്, കാനഡ, മെക്‌സിക്കോ, യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, കൊറിയ, ചൈന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഏകീകൃത അളവ് സമ്പ്രദായം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

Top