ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം പരിശീലനത്തിന് ആറുവയസ്‌കാരനും; കാരണം ഇതാണ്

പെര്‍ത്ത്: ഓസീസ് ക്രിക്കറ്റ് ടീമിനൊപ്പം ഒരു ആറു വയസ്സുകാരന്‍ പന്ത് തട്ടുന്ന ചിത്രം പുറത്തുവന്നപ്പോള്‍ വളരേ അതിശയത്തോടെയാണ് ആരാധകര്‍ അത് കണ്ടത്. പിന്നീട് ആ ബാലന്‍ ആരാണെന്ന അന്വേഷണത്തിലായിരുന്നു കായിക ലോകം. ഇപ്പോള്‍ ഇതാ ആ കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഗുരുതര രോഗങ്ങള്‍ക്കു ചികില്‍സയിലുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പ്രവര്‍ത്തിക്കുന്ന മേക്ക് എ വിഷ് ഫൗണ്ടേഷന്റെ ശ്രമഫലമായാണ് ഷില്ലര്‍ ഓസിസ് ടീമിനൊപ്പം കളിക്കളത്തില്‍ എത്തിയത്.

ആര്‍ച്ചി ഷില്ലെര്‍ എന്ന ആറു വയസ്സുകാരന്‍ ഓസീസ് ക്രിക്കറ്റ് ടീമിനൊപ്പം പരിശീലിക്കുന്നത് മൂന്നു വട്ടം ശസ്ത്രക്രിയ കഴിഞ്ഞ ഹൃദയവുമായാണ്. ഷില്ലെറിന്റെ ഏഴാം പിറന്നാളിനു നാലു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യയ്‌ക്കെതിരെ ഡിസംബര്‍ 26നു നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസ് ടീമിനൊപ്പം ചേരാന്‍ തയ്യാറെടുക്കുന്ന ഷില്ലര്‍ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്, ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ വിരാട് കൊഹ്‌ലിയെ താന്‍ അനായാസം പുറത്താക്കും എന്ന്.

മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ഷില്ലെറിന്റെ ഹൃദയത്തിനു തകരാറുണ്ടെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 6 വയസിനിടെയുള്ള ഭൂരിഭാഗം സമയവും ഷില്ലെര്‍ ചിലവിട്ടത് ആശുപത്രിക്കിടക്കയിലാണ്. ഒക്ടോബറില്‍ പാക്കിസ്ഥാനെതിരെയുള്ള ഓസീസിന്റെ ടെസ്റ്റ് പര്യടനത്തിനിടെ അര്‍ച്ചിയുടെ അമ്മ സാറായുടെ ഫോണിലേക്ക് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ വിഡിയോ കോള്‍ എത്തി. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്കു ‘തിരഞ്ഞെടുക്കപ്പെട്ട’ കാര്യം ലാംഗര്‍ തന്നെ സാറയെ അറിയിച്ചു.

ഗുരുതര രോഗങ്ങള്‍ക്കു ചികില്‍സയിലുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പ്രവര്‍ത്തിക്കുന്ന മേക്ക് എ വിഷ് ഫൗണ്ടേഷന്റെ ശ്രമഫലമായായിരുന്നു ഷില്ലെറുടെ ആഗ്രഹ സഫലീകരണത്തിനു വഴിതുറന്നത്. ക്രിക്കറ്റ് പ്രേമിയായ ഷില്ലെറിന്റെ മുഖത്തു പുഞ്ചിരി വിടര്‍ത്താന്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡും പച്ചക്കൊടി കാട്ടി. അഡലെയ്ഡ് ടെസ്റ്റിനു മുന്‍പ് ഓസീസ് ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങിയ ഷില്ലെര്‍ ഓസീസ് നായകന്‍ ടിം പെയ്‌നൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.

Top