കൊച്ചി: സ്കൂൾ കലോത്സവ മത്സരങ്ങളിൽ അടക്കം സംഘടനത്തിലെ പോരായ്മ മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംഘാടകർക്ക് ഹൈക്കോടതി മുന്നറിയിപ്പ്. ബാലനീതി നിയമ പ്രകാരമാകും ശിക്ഷാ നടപടികൾ. സ്റ്റേജിലെ പിഴവ് കാരണം മത്സരത്തിനിടയിൽ വീണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടമായ വിദ്യാർത്ഥിനിയുടെ ഹർജിയിൽ ആണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. ജില്ലാ അപ്പീൽ കമ്മിറ്റിക്ക് മുന്നിൽ മത്സരാർത്ഥികൾ അപ്പീൽ നൽകിയെങ്കിലും അവ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ തീരുമാനം അപ്പീൽ കമ്മിറ്റി പുനപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 5 ദിവസത്തിനുള്ളിൽ തീർപ്പ് ഉണ്ടാക്കാനും കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലാ കലോത്സവങ്ങളിലെ മത്സരാർത്ഥികളാണ് വിവിധ ഹർജികളുമായി ഹൈക്കോടതിയെ സമീപിച്ചത്.