സ്‌കൂള്‍ ബസുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

റിയാദ്: സ്‌കൂള്‍ ബസുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രയുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപകട സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തേണ്ടതാണ്.

സ്‌കൂള്‍ ഗതാഗത പദ്ധതി പ്രയോജനപ്പെടുത്തുന്ന വിദ്യാര്‍ഥികളെ ബോധവത്കരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുള്ളത്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാണ്. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ അപകടങ്ങളില്‍ പെടാതെ നോക്കുന്നതിന് ജാഗ്രത പാലിക്കണം. പുതിയ അധ്യയന വര്‍ഷത്തെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും വളരെ നേരത്തെ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.

സുരക്ഷാ കാര്യങ്ങള്‍ക്ക് പ്രത്യേക ഗ്രൂപ്പുകള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. സുരക്ഷാ കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ പ്രത്യേകം ബോധവല്‍ക്കരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സ്‌കൂള്‍ ബസുകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കുവാനും നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം ബസുകള്‍ എല്ലാ ദിവസവും പ്രത്യേകം പരിശോധിക്കണമെന്നും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബസ് ഡ്രൈവര്‍മാരെ നിരീക്ഷിക്കേണ്ട ബാധ്യത സ്‌കൂളിനുണ്ട്.സ്‌കൂള്‍ അധികൃതര്‍ എല്ലാ ദിവസവും പ്രത്യേകം നിരീക്ഷിക്കുകയും വേണം. വിദ്യാര്‍ഥികള്‍ ബസുകളില്‍ എത്താത്ത പക്ഷം അക്കാര്യം ഉടനടി രക്ഷകര്‍ത്താക്കളെ ഫോണ്‍ ചെയ്ത് അറിയിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top