ലഖ്‌നൗ: യൂണിഫോം ധരിക്കാതെയെത്തിയ വിദ്യാര്‍ത്ഥിയുടെ ജീന്‍സ് സ്‌കൂള്‍ അധികൃതര്‍ മുറിച്ചുകളഞ്ഞു.
കത്രിക ഉപയോഗിച്ച് ജീന്‍സ് മുറിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ ഇരുകാലുകള്‍ക്കും ഗുരുതരമായി മുറിവേറ്റു.
കാണ്‍പൂരിലെ സിക്കന്ദറിലെ സ്‌കൂളിലാണ് യൂണിഫോം ധരിക്കാത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്കു നേരെ ഈ ക്രൂരത അരങ്ങേറിയത്.
കഴിഞ്ഞ ദിവസം പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ ആണ് മാനേജര്‍ ശിക്ഷിച്ചത്.
സ്‌കൂള്‍ നിയമം ലംഘിച്ച് ജീന്‍സ് ധരിച്ച വിദ്യാര്‍ത്ഥിയുടെ പാന്റ് കത്രിക ഉപയോഗിച്ച് സ്‌കൂള്‍ മാനേജര്‍ മുറിക്കുകയായിരുന്നു.
അതേസമയം, പാന്റ് മുറിച്ചതിനു ശേഷം മാനേജര്‍ കുട്ടിയുടെ കാലും കത്രിക കൊണ്ട് മുറിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
രക്ഷിതാക്കളുടെ പരാതിയിന്മേല്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.