ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌ക്കൂള്‍ തുറക്കും

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുമാണ് തുടങ്ങുന്നത്. മറ്റ് ക്ലാസുകള്‍ ഈ മാസം പതിനഞ്ച് മുതല്‍ ആരംഭിക്കും. ബയോബബിള്‍ ഉള്‍പ്പടെ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ക്ലാസുകള്‍ നടക്കുക.

സ്‌കൂളില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ പഠന രീതി തുടരും. വിദ്യാര്‍ഥികളെ ബാച്ചുകളായി തിരിച്ച് ഒരേസമയയം സ്‌കൂളില്‍ 25 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം എത്തുന്ന രീതിയിലാണ് ക്രമീകരണം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌ക്കൂളില്‍ വരേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഒന്നാം ക്ലാസിലെ 3,43,648 നവാഗതര്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ 34 ലക്ഷത്തോളം വിദ്യാര്‍ത്ഥികളായിരിക്കും സംസ്ഥാന സിലബസിലുള്ള വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളില്‍ എത്തുക. രണ്ടാം ക്ലാസിലെ 3.4 ലക്ഷം കുട്ടികള്‍ക്കും കഴിഞ്ഞ വര്‍ഷം സ്‌ക്കൂള്‍ തുറക്കാത്തതിനാല്‍ തിങ്കളാഴ്ച്ച ആദ്യ സ്‌ക്കൂള്‍ ദിനമായിരിക്കും. ബാച്ചുകള്‍ തിരിച്ചുള്ള അധ്യയന രീതി ആയതിനാല്‍ ആദ്യദിവസം എല്ലാവിദ്യാര്‍ത്ഥികളും സ്‌ക്കൂളില്‍ എത്തില്ല.

Top