തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. നാളെയാണ് അധ്യാപക സംഘടനകളുടെ യോഗം. ശനിയാഴ്ച് വിദ്യാര്‍ത്ഥി സംഘടനാ യോഗം നടക്കും.
ശനിയാഴ്ച രാവിലെ വിദ്യാര്‍ത്ഥി സംഘടനാ യോഗവും ഉച്ചയ്ക്ക് സ്‌കൂള്‍ തൊഴിലാളി സംഘടനാ യോഗവും നടക്കും. ശനിയാഴ്ച് വൈകിട്ട് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടിനല്‍കാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
അതേസമയം, അധ്യാപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ അതിവേഗം ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്‌സിനേഷന്‍ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ സ്‌കൂള്‍ ജീവനക്കാര്‍ നേരിട്ടെത്തിയാല്‍ തിരിച്ചറിയല്‍ കാര്‍ഡ് വെച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിലാകെ 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. അധ്യാപകരുടെ മാത്രം വാക്‌സിന്‍ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്. ഇനിയുമെടുക്കാത്തവരുടെ കണക്കും സര്‍ക്കാരെടുക്കുന്നുണ്ട്.