തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന കൂടുതല്‍ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു.
മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് അടച്ചു പൂട്ടാനൊരുങ്ങിയ നാല് സ്‌കൂളുകള്‍ ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മലാപ്പറന്പ് യു.പി സ്‌കൂള്‍, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഒലവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍, കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്‌കൂള്‍, തൃശൂരിലെ കിരാലൂര്‍ പി.എം.എല്‍.പി സ്‌കൂള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന മറ്റ് സ്‌കൂളുകള്‍. സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മറ്റ് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നത് സര്‍ക്കാരിന് വലിയ സന്പത്തിക ബാദ്ധ്യതയുണ്ടാക്കും. അതിനാല്‍ തന്നെ ജനകീയ കൂട്ടായ്മയിലൂടെ ആ സ്‌കൂളുകള്‍ നിലനിറുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ നയം.
സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അക്കാഡമിക് നിലവാരം ഉയര്‍ത്തിയും പാഠ്യപദ്ധതികള്‍ പരിഷ്‌കരിച്ചും സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
കഴിഞ്ഞ വര്‍ഷത്തെ അപാകതകള്‍ പരിഹരിച്ച് പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി യഥാസമയം വിതരണം ചെയ്തു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ‘പ്രിസം’ പദ്ധതി നടപ്പാക്കുന്നത് പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.