സ്‌കൂള്‍ പുസ്തകങ്ങളില്‍ മാറ്റം വരുത്തി അശോക് ഗെലോട്ടിന്റെ രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുര്‍: സ്‌കൂള്‍ പുസ്തകങ്ങളില്‍ മാറ്റം വരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. അധികാരത്തിലെത്തി ആറ് മാസം പിന്നിടും മുമ്പാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ മാറ്റങ്ങള്‍ അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തിരുത്തി എഴുതുന്നത്.

സവര്‍ക്കറെ സ്വാതന്ത്ര്യസമര വീരനായി ചിത്രീകരിക്കുന്നത്, മുകള്‍ ചക്രവര്‍ത്തി അക്ബറിനെ സംബന്ധിച്ചത്, ജിഹാദ്, ഭീകരസംഘടനകള്‍ എന്നിവയെ സംബന്ധിച്ച പാഠഭാഗങ്ങളാണ് സര്‍ക്കാര്‍ പൊളിച്ചെഴുതിയത്. പൊളിച്ചെഴുത്തില്‍ സവര്‍ക്കറിനു ‘വീര്‍’ നഷ്ടമായി. വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നു മാത്രമാണ് പുതിയ പുസ്തകത്തിലുള്ളത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയതിനെ സംബന്ധിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

ഭീകരവാദം, രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം, നോട്ട് നിരോധനം എന്നിവ സംബന്ധിച്ച പാഠഭാഗങ്ങളിലും മാറ്റംവന്നു. ജാതീയത, വര്‍ഗീയത എന്നിവ സംബന്ധിച്ച പാഠഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്ന മുസ്ലിം സംഘടനകള്‍ക്കു പുറമേ ഹിന്ദു മഹാസഭയുടെ പേരുകൂടി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. പുസ്തകത്തിലെ ജിഹാദ് എന്ന ഭാഗം ഒഴിവാക്കിയിട്ടുമുണ്ട്.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷനായി അച്ചടിച്ച പുസ്തകങ്ങള്‍ രാജസ്ഥാന്‍ സ്റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡാണ് പുറത്തിറക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ ടെസ്റ്റ്ബുക്ക് റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുസ്തകങ്ങളില്‍ മാറ്റം വരുത്തിയത്.

Top