കാസർകോട്: കനത്ത മഴയെ തുടർന്ന് കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ നാളെ സ്കൂളുകൾക്ക് (ജൂലൈ 1) അവധി. അങ്കണവാടികൾക്കും അവധി ബാധകമാണ്. കോളേജുകൾക്ക് അവധിയില്ല. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം പാലക്കാട്ടെ നെല്ലിയാമ്പതിയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. കനത്ത മഴയെ തുടർന്ന് നൂറടി പുഴയിൽ വെള്ളം ഉയരുന്നുണ്ട്. രണ്ട് വീടുകളിൽ ഇതിനോടകം വെള്ളം കയറിയതായാണ് വിവരം. ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് വ്യാപകവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേരള,ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനൊപ്പം കർണാടക തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചു.