തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നര വര്‍ഷത്തിനു ശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
പ്രൈമറി തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനിടയില്ലെന്നാണ് സൂചന. ഒരുപക്ഷെ, ഒന്‍പതു മുതലുള്ള ക്ലാസുകളില്‍ അധ്യയനം ആരംഭിക്കുന്നതായിരിക്കാം സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാത്രമല്ല, സെപ്റ്റംബര്‍ 30-നകം 18 വയസ്സു പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.