ചണ്ഡിഗഢ്: പഞ്ചാബില്‍ സ്‌കൂളുകള്‍ കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ആദ്യമായി തുറന്നു. പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ആരംഭിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്ത അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളുകളില്‍ ഹാജരാകാന്‍ അനുവദിച്ചത്.
രക്ഷകര്‍ത്താക്കളുടെ സമ്മതപത്രത്തോടെ വിദ്യാര്‍ഥികള്‍ക്ക് സ്‌ക്കൂളില്‍ പ്രവേശിക്കാം. മാര്‍ച്ചില്‍ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ നാല് മാസത്തിന് ശേഷമാണ് തുറന്നിരിക്കുന്നത്. സ്‌കൂളുകള്‍ തുറന്നെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ചാണ് കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മാസ്‌ക് ധരിക്കുന്നതും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിങ് നടത്തുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസര്‍ നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ അപേക്ഷിച്ച് അധ്യാപകരെ നേരില്‍ കണ്ട് ക്ലാസുകളില്‍ പങ്കെടുക്കുന്നതാണ് കൂടുതല്‍ സഹായകമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.