schools remain open death and birth anniversaries great men

ലക്‌നൗ: മഹദ് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് യുപി സര്‍ക്കാര്‍.

അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. ഈ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മഹദ് വ്യക്തിയെ കുറിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് ആലോചനയെന്നും അദ്ദേഹം അറിയിച്ചു.

ഇത്തരം ദിനങ്ങളില്‍ സ്‌കൂള്‍ അടച്ചിടുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. എന്തിനാണ് അവധി ലഭിച്ചതെന്ന കാര്യം പോലും പല കുട്ടികള്‍ക്കും അറിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഈ നയം നടപ്പിലായാല്‍ യു.പിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവധിദിനങ്ങളില്‍ കാര്യമായ കുറവുണ്ടാകും.

പല സമയത്തും സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെ പരിഗണിക്കാതെയാണെന്ന് ആദിത്യനാഥ് പറഞ്ഞു. ഒരു വര്‍ഷം 220 പ്രവൃത്തിദിനങ്ങള്‍ വേണമെന്നാണ് നിയമം. അവധിദിനങ്ങളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ പലപ്പോഴും അതു നടക്കാറില്ല.

ഇതോടെ ഇരുനൂറിലധികം ദിവസങ്ങളെടുത്ത് പഠിപ്പിക്കേണ്ട കാര്യങ്ങള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാവുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

Top