തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നാണ് അറിയിപ്പ്.
ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്‌കൂളുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. ഓഗസ്റ്റിലെ രോഗവ്യാപന രീതി കണക്കിലെടുത്തേ ഇത്‌പോലും തീരുമാനിക്കാനാവൂ. 14 ജില്ലകളിലെയും കോവിഡ് വ്യാപനം ഒരുപോലെയല്ല. ജില്ലകള്‍ക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്റെ തീവ്രതയ്ക്ക് വ്യത്യാസമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ജൂലൈവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാധ്യതയുണ്ട്. മഹാരാഷ്ട്രപോലുള്ള ചില സംസ്ഥാനങ്ങള്‍രോഗവ്യാപനമില്ലാത്ത ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ട്.
പക്ഷെ കേരളത്തലെ ജനസാന്ദ്രതയും ഗ്രാമനഗര വ്യത്യാസം വലുതായില്ലാത്ത ഭൂപ്രകൃതിയും കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളില്‍മാത്രമായി സ്‌കൂളുകള്‍ തുറക്കുക സാധ്യമല്ല. സ്‌കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് ആലോചിക്കൂ. ഇപ്പോഴത് പരിഗണനയില്‍ ഇല്ല. സ്‌കൂളുകള്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്.