2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ ജി-സാറ്റ് 30 നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02.35ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് വിക്ഷേപണം. 3,357 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 30 ഉപഗ്രഹം ഇന്ത്യയുടെ ആശയവിനിമയത്തിനാണ് സഹായിക്കുക.
അരിയാനെ അഞ്ച് എന്ന യൂറോപ്യന്‍ വിക്ഷേപണവാഹനമാണ് ജി-സാറ്റ് 30നെ ബഹിരാകാശത്ത് എത്തിക്കുക. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ് 30.
ഡിടിച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് ജിസാറ്റ് 30 ഉപകാരപ്രദമാകും എന്നാണ് ഇസ്രൊയുടെ അവകാശവാദം. ഇന്ത്യന്‍ പ്രക്ഷേപകര്‍ക്ക് ഏഷ്യയുടെ മധ്യപൂര്‍വ്വ മേഖലകളിലും, ആസ്‌ട്രേലിയയിലും പ്രക്ഷേപണം നടത്താന്‍ ജി-സാറ്റ് 30 വഴി പറ്റും.
2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ കണക്കു കൂട്ടല്‍. യൂട്ടെല്‍സാറ്റ് കണക്റ്റ് എന്ന യൂറോപ്യന്‍ ഉപഗ്രഹവും ജി സാറ്റ് 30ന് ഒപ്പം അരിയാനെ അഞ്ച് ബഹിരാകാശത്തെത്തിക്കും.