പ്രകൃതി വീണ്ടും കലി തുള്ളുകയാണ് സംസ്ഥാനത്ത് പരക്കെ പെയ്യുന്ന മഴയില്‍ ഡാമുകളും പുഴകളും അരുവികളും എല്ലാം നിറഞ്ഞ് കവിയുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ശക്തമായ ഇടിമിന്നലും ഭയപ്പെടുത്തുന്നതാണ്. ഉരുള്‍പൊട്ടലിനുള്ള സാധ്യതകളും ഏറെയാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
രണ്ടു പ്രളയങ്ങളെ നേരിട്ട ജനത വീണ്ടുമൊരു പ്രളയത്തെ കൂടി നേരിടേണ്ടി വരുമോ എന്ന ഭീതിയിലാണിപ്പോള്‍ കഴിയുന്നത്. പുഴകള്‍, മലകള്‍, കാടുകള്‍, അരുവികള്‍ കൃഷിയിടങ്ങള്‍ തുടങ്ങി. മനുഷ്യന്റെ കയ്യേറ്റങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ ഈ അവസ്ഥക്കും പ്രധാന കാരണം. മരം കണ്ടാല്‍ അത് മുറിക്കാതെ കലിയടങ്ങാത്ത മനസ്സുകള്‍ ഉള്ള നാടായി ദൈവത്തിന്റെ ഈ സ്വന്തം നാട് മറി കഴിഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് നാം ചിന്തിക്കുന്നത് തന്നെ പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോള്‍ മാത്രമാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ ഈ നാടിന്റെ ശത്രുക്കളായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ‘തപതീ’ തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതില്‍ തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുന്നത് തമിഴ്‌നാട്, കേരളം, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതില്‍ തന്നെ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്.
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലില്‍ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി വര്‍ഷാവര്‍ഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുളളതും ആണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളെടുത്താല്‍ അതില്‍ മുന്‍നിരയിലാണ് പശ്ചിമഘട്ടത്തിന്റെ സ്ഥാനമെന്നതും നാം തിരിച്ചറിയണം.
ആ പശ്ചിമഘട്ടത്തെയാണ് മനുഷ്യര്‍ ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രകൃതിയുടെ ക്ഷോഭത്തെ സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സയന്റിസ്റ്റായ ടി.വി സജീവുമായി മുന്‍പ് ഞങ്ങള്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ പുനസംപ്രേക്ഷണം ചെയ്യുകയാണ്.( വീഡിയോ കാണുക)
EXPRESS KERALA VIEW