മിനിറ്റുകള്‍ക്കുള്ളില്‍ ബാക്ടീരിയയുടെ സാന്നിധ്യം മനസ്സിലാക്കാം; കണ്ടുപിടുത്തവുമായി ശാസ്ത്രലോകം

വാഷിംഗ്ടണ്‍: മണിക്കൂറുകളോളം ലാബോറട്ടറി ഫലം കാത്തിരുന്ന് ചികിത്സ തേടുന്ന കാലം ഇനി പഴങ്കഥയാകും. അസുഖത്തിന് കാരണമായ ബാക്ടീരിയ ഏതാണെന്ന് മിനിട്ടുകള്‍ക്കകം മനസ്സിലാക്കാന്‍ സാധിക്കുന്ന കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അംഗങ്ങള്‍. മൈക്രോടെക്‌നോളജി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് പുതിയ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രോണ്‍ മൈക്രോസ്‌ക്കോപ്പ് ഉപയോഗിച്ച് ശരീരത്തിലെ ഓരോ കോശങ്ങളെപ്പോലും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

നിലവില്‍ രോഗിയുടെ ശരീരത്തിലെ ബാക്ടീരിയയെ തിരിച്ചറിയല്‍ മണിക്കൂറുകളോളം സമയമെടുക്കുന്ന പ്രക്രിയ്യയാണ്. എന്നാല്‍ ഇനിമുതല്‍ 30 മിനിറ്റിനുള്ളില്‍ തന്നെ ശരീരത്തില്‍ കടന്നിരിക്കുന്ന ബാക്ടീരിയ ഏതാണെന്ന് കണ്ടെത്താന്‍ സാധിക്കും. രോഗം വേഗത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നതോടെ വളരെപ്പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനും കഴിയും.

നിലവിലെ ചികിത്സാ രീതി അനുസരിച്ച് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ആന്റി ബയോട്ടിക്ക് മരുന്നുകള്‍ നല്‍കുന്നു. ഈ രീതി ഉടന്‍ തന്നെ ഇല്ലാതാകുമെന്നും ഗവേഷണ സംഘത്തിലെ അംഗമായ പാക്ക് കിന്‍ വോങ് പറഞ്ഞു.

ബാക്ടീരിയയെ കണ്ടെത്തുക മാത്രമല്ല, അതിന്റെ ഘടനയെ സംബന്ധിച്ചും കൃത്യമായ വിവരണം നല്‍കാന്‍ പുതിയ ഉപകരണത്തിന് സാധിക്കും.

Top