കൊവിഡിനെതിരെ പോരാടുന്നതിന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘം സ്വയം അണുവിമുക്തമാക്കുന്ന ആന്റി വൈറല്‍ മാസ്‌ക് വികസിപ്പിച്ചതായി ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ചെമ്പ് അധിഷ്ഠിത നാനോകണങ്ങള്‍ കൊണ്ട് പൊതിഞ്ഞ ആന്റി വൈറല്‍ മാസ്‌ക് കൊറോണ വൈറസിനെതിരെയും മറ്റ് നിരവധി വൈറല്‍, ബാക്ടീരിയ അണുബാധകള്‍ക്കെതിരെയും ഫലപ്രദമാണെന്ന് മന്ത്രാലയം അറിയിച്ചു. ശ്വസിക്കാന്‍ കഴിയുന്നതും കഴുകാവുന്നതുമാണ് ഈ മാസ്‌ക് എന്നും ഗവേഷകര്‍ പറയുന്നു.
പ്രധാനമായും വായുവിലൂടെയുള്ള ശ്വാസകോശ കണികകള്‍ വഴിയാണ് വൈറസ് പകരുന്നത് എന്നതിനാല്‍ മാസ്‌ക് ധരിക്കുന്നത് വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള പ്രധാനപ്പെട്ടതും ഫലപ്രദവുമായ ആരോഗ്യ നടപടികളിലൊന്നാണ്. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, സ്‌റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യന്‍ വിപണിയിലെ വിലകൂടിയ മാസ്‌കുകള്‍ ആന്റിവൈറല്‍ അല്ലെങ്കില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇപ്പോഴത്തെ ഫേസ് മാസ്‌കുകള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിലൂടെ മാത്രമേ വൈറസുകളെ നിലനിര്‍ത്തുകയുള്ളൂ. അവയെ കൊല്ലുന്നില്ല, അതിനാല്‍ മാസ്‌കുകള്‍ ശരിയായി ധരിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കില്‍, ഇത് പകരാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നാഷണല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി ആന്റ് ന്യൂ മെറ്റീരിയലിലെ (എആര്‍സിഐ) ഗവേഷകരാണ് നാനോ മിഷന്‍ പദ്ധതിക്ക് കീഴില്‍ ബംഗളൂര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സിഎസ്‌ഐആര്‍സിസിഎംബി), റെസില്‍ കെമിക്കല്‍സ് എന്നിവയുമായി സഹകരിച്ച് ഫേസ് മാസ്‌ക് വികസിപ്പിച്ചത്.