ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്

കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുടെ നടപടികള്‍ സ്വീകരിക്കും. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്ന് വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. അതിനാല്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയും, രണ്ട് നഴ്‌സുമാരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം. രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തുക.

പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

Top