കോഴിക്കോട്: യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കേസില്‍ പ്രതികളാക്കും. ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരേയും രണ്ട് നഴ്‌സുമാരേയുമാണ് കേസില്‍ പ്രതികളാക്കുന്നത്. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷിനയും കുടുംബവും ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ഗുഡാലോചന ആരോപിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ ഹര്‍ഷിന ഏകദിന ഉപവാസം നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ഹര്‍ഷിനയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തി. ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.