2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിനുള്ള സ്‌ക്രീനിങ് ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി.
ഇത്തവണ 119 സിനിമകളാണ് പുരസ്‌കാരത്തിനായി എത്തിയത്. ഇവയില്‍ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്. രണ്ട് സബ് കമ്മിറ്റികളായി കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്‌ക്രീനിലും എല്‍.വി പ്രസാദ് തിയറ്ററിലുമാണ് പ്രദര്‍ശനങ്ങളുള്ളത്.
ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ ക്വാറനൈ്‌റന്‍ കാലാവധി പൂര്‍ത്തിയാക്കിയാണ് സ്‌ക്രീനിങ്ങിനെത്തിയത്. സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, സൗണ്ട് എന്‍ജിനിയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റു അംഗങ്ങള്‍.