ന്യൂഡല്‍ഹി: എന്‍ഐഎ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു. സോളിഡാരിറ്റി യൂത്ത് മൂവേമെന്റ് സെക്രട്ടറി ഉമര്‍ എം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില്‍ നോട്ടീസിനു മറുപടി നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.
എന്‍ഐഎ നിയമത്തില്‍ 2019ല്‍ കൊണ്ടുവന്ന ഭേദഗതി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെതിരാണെന്നാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സന്തോഷ് പോളും അഭിഭാഷകന്‍ ജയ്‌മോന്‍ ആന്‍ഡ്രൂസും വാദിച്ചു.രാജ്യതാത്പര്യത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരായ കേസ്സുകള്‍ അന്വേഷിക്കാം എന്നാണ് നിയമ ഭേദഗതിയില്‍ വ്യക്തമാക്കായിരിക്കുന്നത്.എന്നാല്‍ ഇന്ത്യക്കെതിരേ എന്നുള്ളതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിയമത്തില്‍ വിശദീകരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പല പ്രക്ഷോഭങ്ങളെയും ഈ നിര്‍വചനത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
വിദേശ രാജ്യങ്ങളില്‍ അടിക്കുന്ന ഇന്ത്യന്‍ കള്ളനോട്ടുകളെക്കുറിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അന്വേഷിക്കാം എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാനും, രവീന്ദ്ര ഭട്ടും ചൂണ്ടിക്കാട്ടി.