കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി ബാധ സ്ഥിരീകരിച്ചു. അടുത്തടുത്ത വാർഡുകളിൽ താമസിക്കുന്ന 2 പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണു ചെള്ളുപനി ബാധിച്ചത്. പട്ടേന, പഴനെല്ലി, സുവർണവല്ലി, പ്രദേശങ്ങളിലാണ് രോഗബാധയുണ്ടായത്. 2 പേർ കർഷകരും ഒരാൾ z’s ക്ഷേത്ര പൂജാരിയുമാണ്.
പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തുടങ്ങിയ ഇവരെ രോഗബാധ രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ വിശദ പരിശോധനയിലാണു സ്ക്രബ് ടൈഫസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെള്ളുപനിയാണിതെന്ന് തിരിച്ചറിഞ്ഞത്.
അത്യപൂർവമായി മാത്രമാണു ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. കഴിഞ്ഞ വർഷം ജില്ലയിൽ 2 പേർക്കു മാത്രമാണു രോഗബാധയുണ്ടായത്. ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ട 2 വാർഡുകളിലും വ്യാപകമായ ഫീവർ സർവേയും പ്രതിരോധ, ബോധവൽക്കരണ പരിപാടികളും പുരോഗമിക്കുകയാണ്.