തിരുവനന്തപുരം: പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമൻ. ശിൽപങ്ങൾ അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പുരസ്കാരം സ്വീകരിക്കില്ലെന്ന് സർക്കാറിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു. ശംഖുമുഖത്ത് കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയത ‘സാഗരകന്യക’ എന്ന ശില്‍പം മതിയായ രീതിയില്‍ സംരക്ഷിക്കുന്നില്ലെന്ന പരാതി അദ്ദേഹം ഉയര്‍ത്തിയിരുന്നു. ലോക്ഡൗൺ കാലത്ത് ശിൽപത്തോടു ചേർന്നുളള മൺതിട്ടയിൽ വലിയ പ്ലാറ്റ്ഫോം കെട്ടി ഹെലികോപ്റ്റർ സ്ഥാപിച്ചിരുന്നു. ഇതിലുള്ള പരാതി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടും നടപടിയായില്ലെന്ന് കാനായി പറയുന്നു.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കേരളശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃക പിന്‍പറ്റിയാണ് സംസ്ഥാന സർക്കാർ കേരള പുരസ്‌കാരങ്ങൾക്ക് തുടക്കമിട്ടത്.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.