ശ്രീനിവാസന്‍ വധം; 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

SDPI

പാലക്കാട്: ആർഎസ്എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പരിശോധന വ്യാപിപ്പിച്ച് പൊലീസ്. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് റെയ്ഡിൽ പത്ത് പേരെ കരുതൽ തടങ്കലിലാക്കി. കസബ, സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ എസ്ഡിപിഐ പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്.

പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. ആറ് പേർ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയിൽ എത്തിയെന്നും മൂന്ന് പേർ കടക്കുള്ളിൽ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള 10 മുറിവുകളാണുള്ളതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. തലയിൽ മാത്രം മൂന്ന് വെട്ടുകളുണ്ട്. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി.ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ആണ് കൊല്ലപ്പെട്ട ശ്രീനിവാസൻ.

Top