പരിപാവനമായി കൊണ്ടു നടക്കുന്ന മതസഹിഷ്ണുത പാലാ ബിഷപ്പ് തകര്‍ത്തു തരിപ്പണമാക്കിയെന്ന് എസ്ഡിപിഐ

SDPI

തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെതിരെ എസ്ഡിപിഐ. ക്രൈസ്തവ-മുസ്ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

പരിപാവനമായി കൊണ്ടു നടക്കുന്ന മതസഹിഷ്ണുത പാലാ ബിഷപ്പ് തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കുന്നുവെന്നും കേരളത്തിലെ മതങ്ങളെ തമ്മില്‍ പരസ്പരം സംശയം ജനിപ്പിക്കുന്ന അപകടകരമായ പരാമര്‍ശമാണ് ബിഷപ്പ് നടത്തിയിരിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വിമര്‍ശിച്ചു. ആര്‍എസ്എസ് കാലങ്ങളായി ഉയര്‍ത്തുന്ന നുണകളാണ് ബിഷപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നും അഷ്റഫ് ആരോപിച്ചു.

നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി നിയമം ബാധകമാവുന്ന വിവേചനമല്ല കേരളത്തിന് വേണ്ടത്. വിവേചനമില്ലാതെ കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണം. ആര്‍എസ്എസിന് ഭയപ്പെട്ട് അവരുടെ തീട്ടൂരങ്ങള്‍ക്ക് മുന്നില്‍ ഒതുങ്ങുന്ന സര്‍ക്കാരാവരുത്. ആര്‍എസ്എസ് അജണ്ടയാണ് ബിഷപ്പിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍, സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴടങ്ങുന്നു എന്നുവേണം മനസ്സിലാക്കാനെന്നു അഷ്റഫ് കുറ്റപ്പെടുത്തി.

Top