ആലപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതകങ്ങളില്‍ പൊലീസിന്റെ വീഴ്ച മറച്ചു പിടിക്കുന്ന എ.ഡി.ജി.പിയാണോ കേരളത്തിന് സുരക്ഷ ഒരുക്കുന്നത് ?
ആദ്യത്തെ കൊലപാതകം അപ്രതീക്ഷിതമായതിനാല്‍ തടയാന്‍ കഴിയില്ലന്ന വാദം അംഗീകരിക്കാവുന്നതാണ്. എന്നാല്‍ രണ്ടാമതായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകം പോലീസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിജിപി വിജയ് സാഖറെ പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹം ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടാണ് ആ കൊലപാതകം നടന്നിരിക്കുന്നത്.
കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് രഞ്ജിത്ത് അക്രമികള്‍ ലക്ഷ്യമിട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് എ.ഡി.ജി.പിയുടെ വാദം. ആരൊക്കെ ലിസ്റ്റില്‍ ഉണ്ടെന്ന് പറയേണ്ടത് പൊലീസല്ല അക്രമികളാണ്. പൊലീസിനോട് ചോദിച്ചിട്ടല്ല അക്രമികള്‍ ഇത്തരത്തില്‍ ലിസ്റ്റുകള്‍ ഉണ്ടാക്കുക.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ആലപ്പുഴ നഗരത്തില്‍ നടന്നത്. സംഘപരിവാറിനെതിരെ എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലുള്ള സംഘപരിവാര്‍ നേതാക്കള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമായിരുന്നു. അതു ചെയ്യാതെ ന്യായീകരണവുമായി രംഗത്തിറങ്ങിയ എ.ഡി.ജി.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണിപ്പോള്‍ ഉയരുന്നത്.
ആലപ്പുഴ നഗരത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ വടക്കുമാറി മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍(38) കൊല ചെയ്യപ്പെട്ട് 12 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് നഗരഹൃദയത്തിലാണ് ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍(45) കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകത്തില്‍ പ്രതികാരമുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിപക്ഷം സര്‍ക്കാറിനെതിരെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നതും ഇതു തന്നെയാണ്.
എ.ഡി.ജി.പിയുടെ വാക്കുകള്‍ ഇങ്ങനെയാണ് …
‘രണ്ട് കൊലപാതകങ്ങള്‍ തമ്മില്‍ 12 മണിക്കൂര്‍ ഇടവേള മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദ്യ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മണിക്കൂറുകള്‍ക്കുള്ളില്‍ മനസ്സിലാക്കാന്‍ പൊലീസിനായി. റെയ്ഡ് ചെയ്ത കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു. ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ ക്രമസമാധാനമാണ് പ്രധാന വിഷയം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. രണ്ടാത്തെ ആള്‍ രഞ്ജിത്ത് കൊല്ലപ്പെടാന്‍ പോകുന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ കൊലപാതകം തടയാന്‍ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കില്‍ അതും തടയാമായിരുന്നു” ഇതാണ് വിജയ് സാഖറെയുടെ നിലപാട്.
മണ്ണഞ്ചേരിയില്‍ കൊലപാതകം നടന്നപ്പോള്‍ തിരിച്ചടി നഗരത്തിലേക്കു നീങ്ങുമെന്ന് പൊലീസ് പ്രതീക്ഷിച്ചില്ലെങ്കില്‍, അവരെ പൊലീസായി കാണാന്‍ കഴിയുകയില്ല. സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന കാര്യമാണ് പൊലീസിന് മനസ്സിലാക്കാന്‍ കഴിയാതെ പോയിരിക്കുന്നത്.
ജില്ലാ പൊലീസ് ആസ്ഥാനവും ഒട്ടേറെ പൊലീസ് സ്റ്റേഷനുകളും സ്ഥിതിചെയ്യുന്ന ആലപ്പുഴ നഗരത്തില്‍ തന്നെയാണ് തിങ്കളാഴ്ച രാവിലെ അക്രമിസംഘം അരുംകൊല നടത്തിയിരിക്കുന്നത്. ബൈക്കുകളില്‍ കൂട്ടമായെത്തി ‘കൂളായി’ അക്രമി സംഘം മടങ്ങുന്ന ദൃശ്യം സി.സി.ടി.വിയിലും ദൃശ്യമാണ്. ഷാന്റെ കൊലപാതകത്തിനു ശേഷം കര്‍ശന വാഹന പരിശോധന നടത്തിയിരുന്നെങ്കില്‍ ഈ ഒരു കൊലപാതകം തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. പൊലീസിന്റെ യാതൊരു സാന്നിധ്യം പോലും നഗരത്തില്‍ ഉണ്ടാവാതിരുന്നതാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നത്.
ശനിയാഴ്ച രാത്രി ഏഴരയ്ക്കാണ് എസ്.ഡി.പി.ഐ നേതാവിനു വെട്ടേല്‍ക്കുന്നത്. രാത്രി പന്ത്രണ്ടേമുക്കാലോടെ മരിച്ചു. ഈ ചുരുങ്ങിയ സമയത്തിനകംതന്നെ അക്രമികള്‍ തിരിച്ചടിയും ആസൂത്രണം ചെയ്യുകയാണ് ഉണ്ടായത്. സ്ഥലപരിചയമില്ലാത്തവര്‍ക്ക് ഈ വീട് കണ്ടെത്തുക പ്രയാസമാണ്. ഒട്ടേറെ വീടുകളുള്ള സ്ഥലമാണിത്. അക്രമിസംഘത്തിനു വീടുകണ്ടെത്താന്‍ കൃത്യമായ സഹായം പ്രാദേശികമായി ലഭിച്ചെന്നു വേണം വിലയിരുത്താന്‍.