‘ഇന്‍ക്വിലാബ് സിന്ദാബാദ് ….. ‘ സിരകളില്‍ അഗ്‌നിപടര്‍ത്തുന്ന ഈ മുദ്രാവാക്യത്തിന്റെ ചരിത്രം എസ്.ഡി.പി.ഐക്കാരനും പോപ്പുലര്‍ ഫ്രണ്ടുകാരനും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടുമെല്ലാം ഒന്നു പഠിക്കുന്നത് നല്ലതായിരിക്കും. എന്നിട്ടു വേണം അത് ഏറ്റുവിളിക്കുവാന്‍. ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റു വിപ്ലവകാരിയായി അറിയപ്പെടുന്ന ധീര രക്തസാക്ഷി ഭഗത് സിംഗ് 1929ല്‍ ഡല്‍ഹി സെന്‍ട്രല്‍ അസംബ്ലിയില്‍ ബോംബെറിഞ്ഞ ശേഷം വിളിച്ച മുദ്രാവാക്യമാണിത്. കഴുമരത്തില്‍ ഏറുമ്പോഴും, ”ഇങ്ക്വിലാബ് സിന്ദാബാദ് ” തന്നെയാണ് അദ്ദേഹം ഉച്ചത്തില്‍ വിളിച്ചിരുന്നത്. ഇതോടെയാണ് ബ്രിട്ടീഷുകാരെ ചുട്ടുപൊള്ളിച്ച ഈ മുദ്രാവാക്യം പൊരുതുന്ന മനസ്സുകള്‍ ഏറ്റെടുത്തിരുന്നത്.
ഇതൊരു വിപ്ലവ മുദ്രാവാക്യമാണ്. വിപ്ലവം ജയിക്കട്ടെ എന്നതാണ് അര്‍ത്ഥം. രാജ്യത്താകമാനം ഉള്ള പൊരുതുന്ന മനസ്സുകളുടെ അതായത് കമ്യൂണിസ്റ്റുകളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ഈ മുദ്രാവാക്യം മറ്റു ആരു തന്നെ വിളിച്ചാലും അതൊരു കോമഡി ആയാണ് മാറുക. വിപ്ലവ മുദ്രാവാക്യം വിളിച്ചതുകൊണ്ട് മാത്രം ആര്‍ക്കും വിപ്ലവ മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയുകയില്ല. അതിന് ആദ്യം വേണ്ടത് പ്രത്യായ ശാസ്ത്രപരമായ നിലപാടാണ്. ജാതിക്കും മതത്തിനും നിറത്തിനും സമ്പത്തിനും എല്ലാം മീതെ മനുഷ്യന്റെ കണ്ണീരും കഷ്ടപ്പാടുകളും കാണാനുള്ള ഒരു മനസ്സും ഉണ്ടാകണം. ഇത് തങ്ങള്‍ വിശ്വസിക്കുന്ന സംഘടനകള്‍ക്ക് ഉണ്ടോ എന്നത് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇങ്ക്വിലാബ് വിളിക്കുന്നതിനു മുന്‍പ് ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
ആഗോള, രാഷ്ടീയ ഇസ്ലാമിസത്തിന്റെ ശൃംഖലകളുമായി ചേര്‍ന്നാണ് എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടും, എസ് ഡിപിഐയുമെല്ലാം ഈ രാജ്യത്ത് രംഗ പ്രവേശം ചെയ്തിരിക്കുന്നത്. കമ്യൂണിസത്തിനെതിരായ പ്രത്യയശാസ്ത്ര പദ്ധതിയായി ഇസ്ലാമിനെ ദുര്‍വ്യാഖ്യാനിച്ചെടുക്കുന്ന സാമ്രാജ്യത്യ ചിന്താ കേന്ദ്രങ്ങളാണ് ഇവരുടെ വിശുദ്ധ യുദ്ധപദ്ധതിയുടെ മുഖ്യ ആസൂത്രകര്‍. ഇസ്ലാമിക ദര്‍ശനത്തെയും പ്രബോധക ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ചാണ് മതത്തെയും മതവിശ്വാസികളെയും സംരക്ഷിക്കാനെന്ന വ്യാജേന ജനാധിപത്യ പുരോഗമന ശക്തികള്‍ക്കെതിരെ ഇക്കൂട്ടര്‍ നിരന്തരം കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. അധ്യാപകന്റെ കൈവെട്ടിയതും വിദ്യാര്‍ത്ഥിയുടെ നെഞ്ച് കുത്തി കീറിയതും ഉള്‍പ്പെടെ നിരവധി അക്രമസംഭവങ്ങള്‍ ഈ നാട് ഇതിനകം തന്നെ കണ്ടിട്ടുള്ളതാണ്.
സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയും അത് ന്യൂനപക്ഷ മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിച്ച അരക്ഷിതത്വവും ഉപയോഗപ്പെടുത്തിയാണ് ഇവര്‍ ഇസ്ലാമിന്റെ രക്ഷകവേഷം കെട്ടി ആടി കൊണ്ടിരിക്കുന്നത്. ആര്‍എസ്എസിനെ പോലെ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും പറയുന്നതും പ്രവര്‍ത്തിക്കുന്നതും വര്‍ഗീയത തന്നെയാണ്. ഇത് തുറന്നു കാണിക്കുകയും ഈ രണ്ട് വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്തതോടെയാണ് കേരളത്തില്‍ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയുടെയും മാത്രമല്ല ആര്‍.എസ്.എസും ബി.ജെ.പിയും ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘടനകളുടെയും പ്രധാനശത്രുവും അന്നും ഇന്നും സി.പി.എമ്മാണ്.
ഭൂരിപക്ഷ സമുദായത്തിനിടയില്‍ മാത്രമല്ല മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും സി.പി.എം സ്വാധീനം ഉറപ്പിക്കുന്നതാണ് എതിരാളികളെ വിളറി പിടിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പോലും ബി.ജെ.പി എസ്.ഡി.പി.ഐ നേതാക്കള്‍ സര്‍ക്കാറിനെയും സി.പി.എമ്മിനെയുമാണ് കൂടുതലായും കടന്നാക്രമിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയത്തോട് മത രാഷ്ട്രീയവാദികള്‍ക്കുള്ള എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. അതിനെ ആ രൂപത്തില്‍ തന്നെയാണ് നാടും വിലയിരുത്തേണ്ടത്. സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിരിടാന്‍ എന്ന പേരിലാണ് യുവാക്കളെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഇപ്പോള്‍ ആകര്‍ഷിക്കുന്നത്. ഇത് അപകടകരമായ നീക്കമാണ്.
സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം പോലെ നേതൃത്വത്തിനു നിയന്ത്രിക്കാന്‍ കഴിയുന്നതാവില്ല എസ്.ഡി.പി.ഐ ആര്‍.എസ്.എസ് സംഘര്‍ഷമെന്നതും ഓര്‍ത്തു കൊള്ളണം. പ്രത്യായശാസ്ത്രപരമായ ഭിന്നതയല്ല അതിനും അപ്പുറമുള്ള മറ്റു ചില താല്‍പ്പര്യങ്ങളാണ് സ്ഥിതി വഷളാക്കുക. അത്തരം അവസ്ഥ മതേതര കേരളത്തെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. ആര്‍ എസ് എസിന്റെ മറുപുറം കളിക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്നു തന്നെ ഇവരെ വിലയിരുത്താവുന്നതുമാണ്. പാനിസ്ലാമിസത്തിന്റെ ഈ സംഘങ്ങളാണിപ്പോള്‍, ‘ഇന്‍ക്വിലാബ് സിന്ദാബാദും” വിളിച്ചു നടക്കുന്നത്.
രക്തസാക്ഷിത്വം പോലും ഇവരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണ്. വിലാപയാത്രയെ ആഹ്ലാദയാത്രയായി കാണണമെന്നാണ് എസ്.ഡി.പി. ഐ നേതാവായ ഉസ്മാന്‍ പ്രസംഗിച്ചിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയിലും ആവര്‍ത്തിക്കുകയുണ്ടായി. ചെഗുവേരെയും ഭഗത് സിംഗും ധീരരും ഇഷ്ടപ്പെട്ടവരുമായി മാറിയതടക്കം ചൂണ്ടിക്കാട്ടിയാണ് തന്റെ വാദത്തെ ഉസ്മാന്‍ ന്യായീകരിച്ചിരിക്കുന്നത്. വല്ലാത്ത ഒരു ഉപമയാണിത്. ഇങ്ങനെ പറയുന്നതിനു മുന്‍പ് ചുരുങ്ങിയ പക്ഷം ഭഗത് സിങ്ങും ചെഗുവേരയും ആരാണ് എന്നതും എന്തിനു വേണ്ടിയാണ് അവര്‍ പോരാടിയിരുന്നത് എന്നതും ഈ നേതാവ് മനസ്സിലാക്കണമായിരുന്നു. അതൊരിക്കലും എസ്.ഡി.പി.ഐയുടെ രാഷ്ട്രീയമായി ചേര്‍ന്നു പോകുന്ന ഒന്നല്ല. ചെഗുവേരയുടെയും ഭഗത് സിങ്ങിന്റെയും കൊലപാതകം ലോക മനസാക്ഷിയെ തന്നെ വേദനിപ്പിച്ച സംഭവമാണ്. ഈ ധീര രക്തസാക്ഷികളുടെ പോരാട്ട വീര്യമാണ് ഇപ്പോഴും വിപ്ലവ മനസ്സുകളെ ആവേശത്തിലാക്കുന്നത്.
കൊല്ലപ്പെട്ട തന്റെ സഹപ്രവര്‍ത്തകന്റെ വിലാപയാത്രയെ എസ്.ഡി.പി.ഐ നേതാവായ ഉസ്മാന്‍ ആഹ്ലാദയാത്രയായി കണ്ടതു തന്നെ തെറ്റാണ്. അത് തിരുത്താനാണ് ഇനിയെങ്കിലും അദ്ദേഹം തയ്യാറാവേണ്ടത്. ആലപ്പുഴയില്‍ മണിക്കുറുകള്‍ മാത്രം ഇടവിട്ട് നടന്ന രണ്ട് കൊലപാതകങ്ങളും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അതി ക്രൂരമായാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായ ഷാനെയും ബി.ജെ.പി നേതാവായ രഞ്ജിത്ത് ശ്രീനിവാസിനെയും കൊലപ്പെടുത്തിയിരിക്കുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ രണ്ടു പേരും ഒരിക്കലും ആക്രമിക്കപ്പെടേണ്ടവര്‍ ആയിരുന്നില്ല. ഒരു ആക്രമ കേസിലും ഗൂഢാലോചനയിലും ഇരുവരും പങ്കാളികളും ആയിരുന്നില്ല. ഇവരുടെ പെരുമാറ്റത്തെ കുറിച്ച് രാഷ്ട്രിയ എതിരാളികള്‍ക്കു പോലും മറിച്ചൊരു അഭിപ്രായമില്ല എന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
ഷാനും രഞ്ജിത്തിനും വിനയായത് ഇരുവരുടെയും രാഷ്ട്രീയമാണ്. ഈ പക വീട്ടല്‍ എന്തിനു വേണ്ടിയാണ് എന്നതും ആരാണ് നിര്‍ദ്ദേശം നല്‍കിയത് എന്നതുമാണ് ഇനി അറിയാനുള്ളത്. അത് കണ്ടെത്തുക മാത്രമല്ല അക്രമങ്ങളെ അടിച്ചമര്‍ത്താനും പൊലീസ് തയ്യാറാകണം. മാതൃഭുമി ബ്യൂറോ ചീഫായിരുന്ന എസ്.ഡി വേണുകുമാര്‍ ഓര്‍മ്മിപ്പിച്ചതു പോലെ കണ്ണൂരില്‍ മുന്‍പ് ഐ.പി.എസ് ഓഫീസറായ മനോജ് എബ്രഹാം സ്വീകരിച്ചതു പോലുള്ള അടിച്ചമര്‍ത്തല്‍ നയം സംസ്ഥാനത്ത് ഇപ്പോള്‍ അനിവാര്യമായിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് നാട്ടില്‍ കലാപം അഴിച്ചുവിടാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ. മതേതര കേരളം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
ഏത് പ്രത്യായ ശാസ്ത്രമാണെങ്കിലും അതില്‍ വിശ്വസിക്കാന്‍ ആര്‍ക്കും തന്നെ അവകാശമുണ്ട്. അതിനെ ജനാധിപത്യ രീതിയിലാണ് എതിര്‍ക്കേണ്ടത്. അതല്ലാതെ പതിയിരുന്ന് ആക്രമിച്ചിട്ടാകരുത്. ആക്രമണം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകള്‍ ഈ ഭൂമുഖത്ത് തന്നെ ഉണ്ടാവുമായിരുന്നില്ല. അതും നാം മനസ്സിലാക്കേണ്ടതുണ്ട്. രൂപീകരണ കാലംമുതല്‍ തന്നെ അടിച്ചമര്‍ത്തലുകളും സായുധ ആക്രമണങ്ങളും നേരിട്ടാണ് കേരളത്തിലും കമ്യൂണിസ്റ്റു പാര്‍ട്ടി മുന്നേറിയിരുന്നത്. പതിയിരുന്ന് ആക്രമിച്ചല്ല നേര്‍ക്കുനേര്‍ ബ്രിട്ടീഷ് പട്ടാളത്തോടും ജന്മിമാരുടെ കൂലിപ്പടയോടും ഏറ്റുമുട്ടിയാണ് കമ്യൂണിസ്റ്റുകള്‍ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നത്. അന്നവര്‍ വിളിച്ച വിപ്ലവ മുദ്രാവാക്യമാണ് ഇപ്പോള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ മുദ്രാവാക്യമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രക്തസാക്ഷിത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല ഇങ്ക്വിലാബിന്റെ രാഷ്ട്രീയം കൂടി തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം.
EXPRESS KERALA VIEW