തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
തമിഴ്‌നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പിന്നീട് ഏപ്രില്‍ 30നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്‌നാട്-ആന്ധ്ര തീരത്ത് എത്തുമെന്നുമാണ് മുന്നറിയിപ്പ്. ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
തുടര്‍ന്ന്, കോട്ടയം മുതല്‍ വയനാട് വരെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഏപ്രില്‍ 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
പൊതുജനങ്ങൾക്കുള്ള പൊതു അറിയിപ്പ്:
1. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ഉരുള്‍പൊട്ടാന്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് ( 7 pm to 7 am) മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.
2. കാറ്റ് ശക്തിയായി വീശുമെന്നതിനാല്‍ മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ വാഹനം നിര്‍ത്തിയിടാതിരിക്കുക. മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ കാറ്റ് വീശുന്ന സമയത്ത് സുരക്ഷ തേടാതെ ഇരിക്കുക.
3. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിർത്തരുത്.
4. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
5. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
6 . ഒരു കാരണവശാലും നദികള്‍, ചാലുകള്‍ എന്നിവ മുറിച്ചു കടക്കരുത്.
7 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക.
8. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ലെന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
9. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
– ടോര്‍ച്ച് – റേഡിയോ, 1 ലിറ്റര്‍ വെള്ളം, ORS ഒരു പാക്കറ്റ്.
– അത്യാവശ്യം വേണ്ടുന്ന മരുന്ന്. മുറിവിന് പുരട്ടാവുന്ന മരുന്ന്.
– ഒരു ചെറിയ കുപ്പി ആന്‍റി സെപ്ടിക് ലോഷന്‍.
– 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം.
– ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള ഡ്രൈസ്നാക്സ്. ചെറിയ ഒരു കത്തി.
– 10 ക്ലോറിന് ടാബ്ലെറ്റ്.
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്‍. തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ച് പണം.
10. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കുക.
11. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ലെന്ന് വീട്ടിലുള്ളവർക്ക് നിര്‍ദ്ദേശം നല്കുക.
12. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
13. ജില്ലാ എമര്‍ജിന്‍സി ഓപ്പറേഷന്സ് സെന്‍റര്‍ നമ്പരുകള്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ STD code ചേര്‍ക്കുക
14 . പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
15. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
16. വളർത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിന് പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ച് വിടുകയോ ചെയ്യുക.